ലൂക്ക

ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായി നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍, അവിടെയും ആധിപത്യം ഇന്ന് സ്വകാര്യ ലാഭേച്ഛയ്ക്കാണ്. ആര്‍ത്തിയും അന്ധതയും അശാസ്ത്രീയതയുമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഒരു തരത്തില്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രസരിപ്പിക്കുന്നത്. അതിനോട് കലഹിച്ചും, ശാസ്ത്രീയത, സാമൂഹ്യ നീതി, തുല്യത, സുസ്ഥിരത എന്നീ സങ്കല്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഒരു ബദല്‍ പ്രവര്‍ത്തനമാണ് ലൂക്ക ചെയ്യാൻ ശ്രമിക്കുന്നത്.

ലൂക്കയോട് ചോദിക്കാം

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഒരു ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca. കുട്ടികളിലെ ചോദ്യം ചോദിക്കാനുള്ള ശേഷിയും വിമർശനാത്മകബോധത്തോടെയുള്ള പഠനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് Ask Luca രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ചോദ്യം ചോദിക്കാം. ഉത്തരം തേടാൻ ശാസ്ത്രീയമായ അന്വേഷണരീതി അവലംബിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കുക എന്നതിനപ്പുറം ഉത്തരം തേടുന്നതിനുള്ള ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുക എന്നതിനാണ് Ask Luca പ്രാധാന്യം കൊടുക്കുന്നത്.അതുകൊണ്ടുതന്നെ ചോദ്യങ്ങൾക്ക് നിലവിലെ നമ്മുടെ ഏറ്റവും പുതിയ അറിവിന്റെ അടിസ്ഥാനത്തിൽ ഉത്തരം തേടുന്നതോടൊപ്പം തുറന്ന ചർച്ചകൾക്കും വിശകലനങ്ങൾക്കും സാധ്യതയുള്ള ചോദ്യങ്ങളും സ്വാഗതം ചെയ്യുന്നു.

നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങിനെ പ്രവർത്തിക്കുന്നു , പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും.