logical fallacies

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ

കേൾവിക്കാരൻ വാദം ശരിവച്ചു കൊള്ളണം, അല്ലെങ്കിൽ ശരിപ്പെടുത്തിക്കളയുമെന്ന ഭീഷണി! ഭീഷണി ശാരീരികമോ മാനസികമോ മറ്റേതെങ്കിലും തരത്തിലോ ആവാം. ഉദാഹരണം : ജൈവകൃഷിയാണ് ഭാവിയുടെ രക്ഷാമാർഗ്ഗമെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. നിങ്ങൾ അങ്ങനെയല്ലെന്ന് സ്ഥാപിച്ച് ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കുള്ള വിശ്വാസ്യത തകർക്കരുത്.

അര്‍ത്ഥം കാണുക

ഘോഷയാത്രയ്ക്കു പിന്നാലെ

ഭൂരിഭാഗം പേരും വിശ്വസിക്കുന്നുവെന്നതോ ചെയ്യുന്നുവെന്നതോ കൊണ്ടുമാത്രം ഒരു കാര്യം സത്യമാകണമെന്നില്ല. വാദത്തിൽ യുക്തിയുമുണ്ടാകണമെന്നില്ല. ഈ വർഷമിറങ്ങിയതിൽ ഏറ്റവുമധികം പേർ വായിച്ച പുസ്തകമാണിത്. അതുകൊണ്ടു നിസ്സംശയം പറയാം, ഈ വർഷത്തെ ഏറ്റവും മികച്ച പുസ്തകം ഇതുതന്നെയാണ്. നിങ്ങൾ ഇത് തീർച്ചയായും വായിക്കണം.

അര്‍ത്ഥം കാണുക

കാലുപിടിക്കുക

തന്റെ വാദം അംഗീകരിച്ചില്ലെങ്കിൽ താൻ കുഴപ്പത്തിലാകും. അതുകൊണ്ട് രക്ഷിക്കണം. പക്ഷേ, ഇതിന് വാദത്തിന്റെ സത്തയുമായി ഒരു ബന്ധവുമില്ല. വിദ്യാർത്ഥികൾ അധ്യാപകരുടെ അടുത്തും വക്കീലന്മാർ ജഡ്ജിമാരുടെയടുത്തും, ശാസ്ത്രജ്ഞന്മാർ രാഷ്ട്രീയനേതാക്കന്മാരുടെയും വകുപ്പുതലവന്മാരുടെയുമടുത്തും ചിലപ്പോഴൊക്കെ ഇത് ചെയ്യാറുണ്ട്.

അര്‍ത്ഥം കാണുക

വാർപ്പുമാതൃക

സ്റ്റീരിയോ ടൈപ്പുകളെ ഉപയോഗിച്ച് ഒരു സമൂഹത്തെ മുഴുവൻ സാമാന്യവത്കരിക്കുന്നത് കുയുക്തി തന്നെ. വംശീയത, ജാതി, ലിംഗവിവേചനം ഇതിന്റെയൊക്കെ പിന്നിൽ ഈ മനോഭാവമാണുള്ളത്. സ്ത്രീകൾ പുരുഷന്മാരെക്കാൾ താഴെയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ഒരു സ്ത്രീ ഡ്രൈവിങ് അപകടം വരുത്തിയതുകണ്ടാൽ ഉടൻ ഇങ്ങനെ അഭിപ്രായപ്പെട്ടേക്കും : എന്റെ ധാരണ എത്ര ശരി! സ്ത്രീ കളെ ഡ്രൈവിങ്ങിനു കൊള്ളില്ല!

അര്‍ത്ഥം കാണുക

തെന്നുന്ന പ്രതലം

ഒരു കാര്യം സംഭവിച്ചാൽ മറ്റ് ഗുണകരമല്ലാത്ത കാര്യങ്ങളും സംഭവിക്കാം. പക്ഷേ, ഒന്ന് സംഭവിച്ചതുകൊണ്ട് തുടർന്ന് ഒരു സംഭവപരമ്പര ഉണ്ടാകണമെന്നില്ല. ഓരോന്നിനും പ്രത്യേക കാരണങ്ങൾ തന്നെ വേണം. മതപ്രചാരകർ സാധാരണ പ്രയോഗിക്കുന്നതാണിത്. അ, ആ യിലേയ്ക്കു നയിക്കും, ആ, ഇ യിലേയ്ക്കു നയിക്കും, ഇ, ഉ യിലേയ്ക്കു ............. അങ്ങനെ ഥ, ദ ലേയ്ക്കും ദ നരകത്തിലേക്കും നയിക്കും. നരകത്തിൽ പോകാൻ താൽപര്യമില്ലെങ്കിൽ അ എന്ന ആദ്യപടി തന്നെ ഒഴിവാക്കണം! താഴെപ്പറയുന്ന വാദം നോക്കുക. 'നാം പുകവലി പൂർണ്ണമായി നിരോധിച്ചാൽ പുകയില കർഷകർ ബുദ്ധിമുട്ടിലാകും. അവരുടെ ഉല്പന്നങ്ങൾ വിൽക്കാനാകില്ല. അവർ ആത്മഹത്യ ചെയ്യും. കർഷകരുടെ ഇടയിലെ ആത്മഹത്യാനിരക്ക് വർദ്ധിക്കും. അതുകൊണ്ട് പുകവലി നിരോധിക്കരുത്.'

അര്‍ത്ഥം കാണുക

തെറ്റായ കാരണം

വ്യക്തമായ കാരണങ്ങളില്ലാതെ ഒരു സംഗതി മറ്റൊന്നിന് കാരണമായെന്ന് പറയുക. യഥാർത്ഥത്തിൽ സംഭവം നടക്കാനുണ്ടായ കാരണം മറ്റു പലതുമായിരിക്കും. ഈ ഉപന്യാസമത്സരത്തിൽ ഞാൻ ജയിക്കാനുണ്ടായ കാരണം നീലപ്പേന ഉപയോഗിച്ച് എഴുതിയതുകൊണ്ടാണ്. ഈ നീലപ്പേനയാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്. മത്സരങ്ങൾക്ക് പോകുമ്പോഴെല്ലാം ഞാനിതുതന്നെ ഉപയോഗിക്കും.

അര്‍ത്ഥം കാണുക

ആധികാരികമെന്നുതോന്നുന്ന വാക്കുകള്‍

പറയുന്നതിന് ആധികാരികതയുണ്ട് എന്ന പ്രതീതിയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകളാണ് weasel words. ഉദാഹരണം : “ഞങ്ങളുടെ പുതിയ മരുന്നിന് എയ്ഡ്‌സിനെ സുഖപ്പെടുത്താൻ കഴിയും എന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.” ഇവിടെ “ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്” എന്ന് പറയുന്നത് അവ്യക്തമായ ഒരു weasel word ആണ്. കേൾക്കുമ്പോൾ ഒരു ആധികാരികതയൊക്കെ തോന്നുമെങ്കിലും ശാസ്ത്രീയ സമീപനത്തില്‍ ഇവ സ്വീകാര്യമല്ല. ഗവേഷണത്തിന്റെ സോഴ്സ് കാണിക്കാൻ പറ്റിയെങ്കിലേ ഇതിന് സാധുതയുള്ളൂ. അതുപോലെ ഹോളിസ്റ്റിക് മെഡിസിൻ തട്ടിപ്പുകാർ ധാരാളമായി ഉപയോഗിക്കുന്ന ഒരു weasel word ആണ് “ഡിടോക്സിഫിക്കേഷൻ”. ശരീരത്തിന് സ്വാഭാവികമായി പുറന്തള്ളാനാവാത്ത എന്തൊക്കെയോ ടോക്സിനുകൾ ഉണ്ടെന്നും, അവയെ ഇവരുടെ ഡിടോക്സിഫിക്കേഷൻ പ്രക്രിയകൾ വഴി പുറന്തള്ളാൻ കഴിയും എന്നുമുള്ള വാദങ്ങളെ ശാസ്ത്രലോകം പൊളിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇതിനെ പറ്റി അറിയാത്തവരെ ഇപ്പോളും ഈ weasel word ആകർഷിക്കുന്നുണ്ട്.

അര്‍ത്ഥം കാണുക

താത്കാലിക രക്ഷപ്പെടുത്തൽ

നാമെല്ലാം ചില വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്നവരാണ്. ഇതിന് വിരുദ്ധമായ തെളിവുകൾ ഹാജരാക്കിയാൽ നാം പുതിയ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി നമ്മുടെ വിശ്വാസത്തെ രക്ഷിക്കാൻ നോക്കും. ഇത് വെറും പറച്ചിലാകുമ്പോൾ കുയുക്തിയാകും. താഴെപ്പറയുന്ന സംഭാഷണം ശ്രദ്ധിക്കൂ. അമ്മു: നീ കുറച്ചു തുളസി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു നോക്കു. നിന്റെ ജലദോഷം പമ്പകടക്കും. ലക്ഷ്മി: ഞാനത് ഒരാഴ്ച കഴിച്ചു എന്നിട്ടും മാറിയില്ല. അമ്മു: നീ തുളസി വെള്ളം എല്ലാ ദിവസവും കഴിച്ചുവോ? ലക്ഷ്മി: കഴിച്ചു. അമ്മു: എങ്കിൽ ഒരുകാര്യം ഉറപ്പാണ്. നീ തുളസി വെള്ളം ഉണ്ടാക്കിയ രീതിക്ക് എന്തെങ്കിലും കുഴപ്പം കാണും! ഇത്തരം പരിപാടികൾ നിത്യജീവിതത്തിൽ ധാരാളമുണ്ട്. വഴിപാട്, പ്രാർത്ഥന, ജ്യോത്സ്യം, മന്ത്രവാദം ഇവയൊക്കെ ഫലിക്കാതെ വരുമ്പോൾ ഇതുപോലുള്ള താത്കാലിക വിശദീകരണങ്ങൾ ഉയർന്നു വരും.

അര്‍ത്ഥം കാണുക

പഴയതെല്ലാം ശരി

പണ്ടു മുതലേ ചെയ്തു വന്നിരുന്നു എന്ന കാരണത്താൽ എല്ലാം ശരിയാകണമെന്നില്ല. അതായത് എല്ലാ പാരമ്പര്യ അറിവുകളും ശരിയല്ല. ഈ രീതി ഞങ്ങൾ പാരമ്പര്യമായി തുടർന്നുപോരുന്നതാണ്. ഇതേവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. കാലവും സാഹചര്യവും മാറിയെന്ന കാര്യം കണക്കിലെടുക്കുന്നതേയില്ല!

അര്‍ത്ഥം കാണുക