Super conductivity

അതിചാലകത.

ഒരു നിശ്ചിത താപനിലയ്‌ക്ക്‌ താഴെ ചില പദാര്‍ഥങ്ങളുടെ വൈദ്യുതരോധം പൂര്‍ണമായും അപ്രത്യക്ഷമാകുന്ന പ്രതിഭാസം. ഈ താപനിലയാണ്‌ ക്രാന്തിക താപനില (സംക്രമണ താപനില). സാമാന്യേന വളരെ താഴ്‌ന്ന താപനിലകളിലാണ്‌ പദാര്‍ഥങ്ങള്‍ അതിചാലകങ്ങളായി മാറുന്നത്‌. 1911 ല്‍ ഡച്ച്‌ ശാസ്‌ത്രജ്ഞനായ കാമര്‍ലിങ്ങ്‌ ഓണ്‍സ്‌ ആണ്‌ രസം 4 K യില്‍ അതിചാലകമാവുന്നത്‌ കണ്ടെത്തിയത്‌. വിദ്യുത്‌രോധം തീരെയില്ല എന്നതു മാത്രമല്ല അതിചാലകങ്ങളുടെ സവിശേഷത. ചാലകത്തിന്റെ ഈ അവസ്ഥയില്‍ അസാധാരണമായ കാന്തിക സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. അതിചാലകങ്ങള്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന പ്രതികാന്തിക സ്വഭാവം കാണിക്കുന്നവയാണ്‌. താരതമ്യേന ശക്തികുറഞ്ഞ ഒരു കാന്തിക മണ്ഡലത്തിലിരിക്കുന്ന അതിചാലക സ്‌പെസിമെന്‍ സംക്രമണ താപനിലയിലെത്തുമ്പോള്‍, കാന്തിക ബലരേഖകള്‍ സ്‌പെസിമെനില്‍ നിന്നും പുറംതള്ളപ്പെടുന്നു. മെയ്‌സനര്‍ പ്രഭാവം എന്നാണ്‌ ഇതറിയപ്പെടുന്നത്‌. കാന്തിക മണ്ഡലത്തിന്റെ സാന്നിധ്യത്തില്‍ ക്രാന്തിക താപനില താഴുന്നു എന്നത്‌ മറ്റൊരു സവിശേഷതയാണ്‌. ഈ സവിശേഷതകള്‍ മൂലം അതിചാലകങ്ങള്‍ക്ക്‌ വളരെയധികം വ്യാവസായിക പ്രാധാന്യമുണ്ട്‌. പക്ഷേ താഴ്‌ന്ന താപനിലയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായതുകൊണ്ട്‌ അത്‌ സാങ്കേതിക വിദ്യയായി വളര്‍ത്തുന്നത്‌ വളരെ ദുഷ്‌കരമാണ്‌. 1986 വരെ കണ്ടുപിടിക്കപ്പെട്ട അര്‍ധചാലകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സംക്രമണ താപനിലയുള്ളത്‌ ജര്‍മേനിയം, അലൂമിനിയം, നിയോബിയം എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു സവിശേഷ ലോഹക്കൂട്ടിനായിരുന്നു ( 23K). 1986നു ശേഷം ഉയര്‍ന്ന സംക്രമണ താപനിലയിലുള്ള അതിചാലക പദാര്‍ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. സാധാരണ താപനിലയില്‍ വരെ അതിചാലകത പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ (പദാര്‍ഥങ്ങളുടെ ഫേസുകള്‍) കണ്ടെത്തിയിട്ടുണ്ട്‌ എന്ന അവകാശവാദവുമുണ്ട്‌. ദ്രാവക നൈട്രജന്റെ തിളനിലയില്‍ ( 93K) അതിചാലകത പ്രദര്‍ശിപ്പിക്കുന്ന സെറാമിക്‌ പദാര്‍ഥം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്‌. (യിട്രിയം, ബേരിയം, കോപ്പര്‍, ഓക്‌സിജന്‍ കൂട്ട്‌)

Category: None

Subject: None

201

Share This Article
Print Friendly and PDF