No Appeal to authority

തിരുവായ്ക്ക് എതിർവായില്ല

അധികാരകേന്ദ്രം പറയുന്നത് എപ്പോഴും ശരിയെന്ന പഴയ രാജഭരണകാലത്തെ വഴക്കം. അനുസരിച്ചില്ലെങ്കിൽ വിവരമറിയും! ഗലീലിയോയും ബ്രൂണോയുമൊക്കെ വിവരമറിയുകയും ചെയ്തു. ശാസ്ത്രീയമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാരുടെയും സാംസ്‌കാരികനായകരുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ഇത്തരത്തിൽ പെടുന്നു. ചിക്കുൻഗുനിയ മരണകാരണമാവില്ല എന്ന് ഡോക്ടർമാരും അങ്ങനെയല്ല എന്ന് മന്ത്രിയും പറഞ്ഞാൽ ആരു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? അധികാരമുള്ളതുകൊണ്ടുമാത്രം മന്ത്രി പറഞ്ഞത് ശരിയാവില്ല. ശാസ്ത്രരംഗത്ത് പരിമിതമായ തോതിൽ അധികാരം പ്രയോഗിക്കപ്പെടുന്നുണ്ട്. ഒരു കൃഷിശാസ്ത്രജ്ഞൻ ഫിസിക്‌സിന്റെ കാര്യത്തിൽ സ്വന്തം നിഗമനങ്ങൾക്ക് പോവില്ല. ഊർജ്ജതന്ത്രജ്ഞർ പറയുന്നത് മുഖവിലയ്‌ക്കെടുക്കുകയേ ഉള്ളൂ. തിരിച്ചും! ഇതിനു വിരുദ്ധമായി പ്രശസ്തരാണ് എന്നതുകൊണ്ടുമാത്രം മറ്റു വിഷയങ്ങളിൽ കയറി അഭിപ്രായം കാച്ചുകയും മറ്റുള്ളവർ അത് കൊണ്ടുനടക്കുകയും ചെയ്താൽ കുയുക്തിയായി. അതുപോലെതന്നെ, സ്വന്തം വിഷയത്തിൽപ്പോലും വകുപ്പുമേധാവി പറഞ്ഞു എന്നതുകൊണ്ടുമാത്രം സമ്മതിച്ചുകൊടുക്കാൻ പാടില്ല. അറിയാത്ത വിഷയങ്ങളിൽ മന്ത്രിമാർ മാത്രമല്ല വൈസ്ചാൻസലർമാരും, വകുപ്പുതലവന്മാരും, സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും അഭിപ്രായം വച്ചുകാച്ചുന്നതും താഴെയുള്ളവർ തലയാട്ടുന്നതും സ്ഥിരം കാഴ്ചയാണ്. 'ബൈബിളിൽ പറഞ്ഞു', 'ഗീതയിൽ പറഞ്ഞിട്ടുണ്ട്, 'ഖുറാനിലുണ്ട്', 'മാർപ്പാപ്പ പറഞ്ഞു', പ്രസിഡണ്ട് പറഞ്ഞു' എന്ന മട്ടിലുള്ള വാദങ്ങളും ഈ വകുപ്പിൽത്തന്നെ വരും.

Share This Article
Print Friendly and PDF