ശാസ്ത്രബോധം

വ്യക്തിഹത്യ

വാദമുഖങ്ങളെ എതിർക്കുന്നതിനു പകരം വ്യക്തിയെ അധിക്ഷേപിക്കുകയാണിവിടെ. എതിരാളിയുടെ സ്വഭാവം, വ്യക്തിത്വം, മാനസികനില എന്നിവ ആക്ഷേപത്തിനു പാത്രമാകും. ഇവയ്‌ക്കൊന്നും വാദവുമായി ഒരു ബന്ധവും കാണില്ല. ഉദാഹരണങ്ങൾ : 'വിദേശഫണ്ട് വാങ്ങി ഗവേഷണം നടത്തുന്ന ഇയാൾ ഒരു ഇകഅ ചാരനാണ്', 'അയാൾ ഒരു പിന്തിരിപ്പനായതുകൊണ്ടാണ് ഇങ്ങനെയൊക്കെ വാദിക്കുന്നത്'. 'അയാളുടെ സ്വഭാവം ശരിയല്ല'.

അര്‍ത്ഥം കാണുക

അജ്ഞതയെ ആശ്രയിക്കല്‍

ഒരു കാര്യം ഇല്ല എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അത് ഉണ്ട് എന്നു വാദിക്കുന്നതാണ് ഈ കുയുക്തി. മതവിശ്വാസികൾ, പാരാനോർമൽ വാദികൾ എന്നിവരെല്ലാം ധാരാളം ഉന്നയിക്കാറുള്ള ഒരു വാദമാണിത്. ഉദാഹരണമായി, പ്രേതങ്ങൾ ഇല്ല എന്നുള്ളതിനു തെളിവുകൾ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് പ്രേതങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കണമെന്ന വാദം. ശാസ്ത്രീയ സമീപനത്തില്‍ തെളിവ് നൽകേണ്ട ബാധ്യത ‘എന്തെങ്കിലും ഉണ്ട്’ എന്നു അവകാശപ്പെടുന്നവർക്കാണ്. ഒരു ഉദാഹരണം : ഡ്രാഗണുകൾ ഇല്ല എന്നു ഇതുവരെ ആരും തെളിയിച്ചിട്ടില്ല. തെളിയിക്കാൻ സാധിക്കുകയുമില്ല. കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ ഫാൾസിഫൈയബിലിറ്റി ആണ് ഇവിടെ പ്രശ്നം. പക്ഷെ ഡ്രാഗണുകൾ ഉണ്ടെങ്കിൽ ഉണ്ട് എന്നു തെളിയിക്കാൻ വളരെ എളുപ്പമാണ്. ഒരു ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ മതിയാകും. അതുകൊണ്ട് തെളിവ് നൽകേണ്ട ബാധ്യത (burden of proof) ഡ്രാഗൺ ഉണ്ട് എന്നു വാദിക്കുന്നവരുടെ ചുമലിലാണെങ്കിലേ അത് ശാസ്ത്രീയ സമീപനമാകൂ.

അര്‍ത്ഥം കാണുക

കോലം കത്തിക്കുക

ഒരു വാദത്തിന്റെ ചെറിയൊരു ഭാഗമെടുത്ത് വലുതാക്കിക്കാണിക്കുക. ശക്തമായ വാദമുഖങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നു. യഥാർത്ഥത്തിലുള്ളതിനെ ആക്രമിക്കുന്നതിനു പകരം കോലത്തെ ആക്രമിക്കുന്നു. എന്നിട്ട് യഥാർത്ഥത്തിലുള്ളതിനെ ആക്രമിച്ചെന്നു പറയുക.

അര്‍ത്ഥം കാണുക

ഉടൻ സാമാന്യവത്കരണം

പ്രാതിനിധ്യസ്വഭാവമില്ലാത്ത സാമ്പിളുകളെ ആധാരമാക്കി ആഗമനയുക്തിയിലൂടെ (inductive logic) പൊതുസ്വഭാവത്തിലെത്തിച്ചേരുമ്പോൾ സംഭവിക്കുന്നത്. ഒന്നോ, രണ്ടോ സംഭവങ്ങൾ മതി ഇത്തരക്കാർക്ക് സാമാന്യവത്കരണം നടത്താൻ. സാധാരണക്കാർ വളരെ പെട്ടെന്ന് ഇത്തരം സാമാന്യവത്കരണം നടത്തിക്കളയും! സാഹചര്യമനുസരിച്ച് രാഷ്ട്രീയക്കാരും, മതമേധാവികളും, പത്രക്കാരും ചാനലുകാരുമൊക്കെ ഇത് ചെയ്യാറുണ്ട്. ശാസ്ത്രജ്ഞന്മാർ പൊതുവേ ഉടൻ സാമാന്യവത്കരണം നടത്താറില്ല. അങ്ങനെ ചെയ്യാത്തതിന് പലപ്പോഴും ഭർത്സനം ഏറ്റുവാങ്ങുകയാണ് പതിവ്! ഉദാഹരണങ്ങൾ 1. ഞാൻ ഈ ഗ്രാമത്തിൽ മൂന്നു കർഷകരെ കണ്ടു. മൂന്നുപേരും പശു വളർത്തുന്നുണ്ട്. ഈ ഗ്രാമത്തിലുള്ള എല്ലാവരും പശു വളർത്തുന്നവരാണെന്ന കാര്യം ഉറപ്പാണ്. 2. ഈ റോഡുവക്കിലുള്ള നാലു തെങ്ങുകൾക്കും ആരും വളമോ, തടം തുറക്കലോ ചെയ്യുന്നില്ല. എന്നിട്ടും എന്തു വിളവാണെന്ന് നോക്കൂ! അതിനർത്ഥം തെങ്ങിന് വളവും വെള്ളവും നൽകിയില്ലെങ്കിലും നല്ല വിളവുതരുമെന്നാണ്.

അര്‍ത്ഥം കാണുക

പേരിനു മാത്രം

യഥാർത്ഥത്തിൽ ചെയ്യേണ്ട കാര്യത്തിനു പകരമായി വെറും ടോക്കൺ കാര്യം മാത്രം ചെയ്തു വാചകമടിക്കുക. ഉദാ: നിങ്ങൾക്ക് ഇന്ത്യയിൽ ലിംഗപരമായ വിവേചനമുണ്ടെന്നു പറയാൻ കഴിയില്ല. ഞങ്ങളുടെ മുൻ രാഷ്ട്രപതി ഒരു സ്ത്രീയായിരുന്നുവെന്ന കാര്യം ഓർക്കുക. ശ്രീമതി ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ നല്ല ഉദാഹരണങ്ങളാണല്ലോ?' ഇത്തരത്തിലുള്ള വാദമുഖങ്ങൾ അംഗീകരിച്ചാൽ നിങ്ങൾ ടോക്കണിസത്തിന്റെ അടിമയാകും. ഇപ്പോഴുള്ള എം.പി. മാരിലും, എം.എൽ.എ. മാരിലും എത്ര സ്ത്രീകളുണ്ടെന്നും ഭരണത്തിൽ അവരുടെ സ്വാധീനം എത്രയാണെന്നുമുള്ള കാര്യം പരിഗണിക്കാതെ പലരും ഇത്തരത്തിലുള്ള വാദങ്ങൾക്ക് അടിമയാകാറുണ്ട്.

അര്‍ത്ഥം കാണുക

തെളിവു മറച്ചുവയ്ക്കുക

നിങ്ങൾ ഒരു നിഗമനത്തിലെത്തിച്ചേർന്നു. പക്ഷേ, തെളിവുശേഖരിച്ചപ്പോൾ മനസ്സിലായി എല്ലാ തെളിവുകളും അനുകൂലമല്ലെന്ന്! അതായത്, നിങ്ങളുടെ പരികൽപന തള്ളേണ്ടിവരും. അതിനു തയ്യാറാകാതെ പ്രതികൂലതെളിവുകൾ അറിയാത്ത ഭാവത്തിൽ മറച്ചുവയ്ക്കുകയോ, മന:പൂർവ്വം മറന്നതായി ഭാവിക്കുകയോ ചെയ്യുമ്പോഴാണ് ഈ കുയുക്തി അരങ്ങേറുന്നത്. അനുകൂലമായ തെളിവുകൾ മാത്രം ഉയർത്തിക്കാട്ടുകയും വിപരീതതെളിവുകളെ അവഗണിക്കുകയും ചെയ്യുന്ന ഈ പരിപാടി സാധാരണക്കാർ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരുമൊക്കെ ചെയ്യുന്നതാണ്. ഇങ്ങനെയുള്ളവരെ തുറന്നുകാട്ടുകയേ പോംവഴിയുള്ളു. ഉദാഹരണത്തിന്, ജൈവകൃഷിയുടെ കാര്യമെടുക്കാം. അനുകൂലമായും പ്രതികൂലമായും ധാരാളം തെളിവുകളുണ്ട്. ഇതിനെ അനുകൂലിക്കുന്ന വ്യക്തി അനുകൂലമായ വാദമുഖങ്ങൾ മാത്രം നിരത്തും. പ്രതികൂല മായവ കണ്ടില്ലെന്ന് ഭാവിക്കുകയും ചെയ്യും. ഇത് തിരിച്ചും സംഭവിക്കാം! തെളിവ് മറച്ചുവയ്ക്കുന്ന കുയുക്തി ഏറ്റവുമധികം കാണുക പരസ്യങ്ങളിലായിരിക്കും!

അര്‍ത്ഥം കാണുക

വാക്കിൽ തൊട്ടുള്ള കളി

ഒരാൾ ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്തു. സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അതിലെ ഏതെങ്കിലും വാക്കിന്റെ വ്യാഖ്യാനത്തിൽ കടിച്ചുതൂങ്ങിയുള്ള വാദം കുയുക്തിയാണ്. പ്രശ്‌നത്തെ ഊതിപ്പെരുപ്പിക്കാൻ ബോധപൂർവ്വം പത്രക്കാരും ചാനലുകാര്യം രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും ഒക്കെ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണിത്. അടുത്ത കാലത്ത് പിതൃശൂന്യ പത്രപ്രവർത്തനം എന്നു പറഞ്ഞതിന്റ വ്യാഖ്യാനം പത്രപ്രവർത്തകർ പിതൃശൂന്യരാണ് എന്ന മട്ടിൽ പുരോഗമിച്ചുണ്ടായ കോലാഹലം നാം കണ്ടതാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ വിരവധിയുണ്ട്.

അര്‍ത്ഥം കാണുക

കിണറ്റിൽ വിഷം കലക്കുക

വാദം ജയിക്കാൻ വേണ്ടി ആദ്യമേ തന്നെ മന:പൂർവ്വം കുയുക്തി നിരത്തും. തിരിച്ച് ഒരു വാദമുന്നയിക്കാൻ നിങ്ങളെ അശക്തനാക്കും! ഉദാ: കാസർഗോഡു ജില്ലയിലെ സർവ്വ ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണം എൻഡോസൾഫാൻ പ്രയോഗമാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയല്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബഹു രാഷ്ട്രകുത്തകകളുടെ പണം പറ്റുന്ന ചില ശാസ്ത്രജ്ഞന്മാർ മാത്രമാണ്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്? നിങ്ങൾ പെട്ടത് തന്നെ!

അര്‍ത്ഥം കാണുക

അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍

വളരെ ബുദ്ധിപരം എന്ന് തോന്നുന്ന, പക്ഷെ പ്രത്യേകിച്ച് സംവാദപരമായി യാതൊരു മൂല്യവുമില്ലാത്ത ചോദ്യങ്ങളാണിവ. പറയുന്ന വിഷയത്തെപ്പറ്റി അറിവില്ലാത്തവർക്ക് ഈ ചോദ്യങ്ങൾ ചോദിക്കുന്നവർ വലിയ പണ്ഡിതരാണെന്ന്  തെറ്റിദ്ധാരണയുണ്ടാകും. പക്ഷെ വിഷയത്തെ പറ്റി ആറിയാവുന്നവർക്കാണെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം പറയാൻ പ്രയാസവുമായിരിക്കും. ഒരു ഉദാഹരണം : പ്രപഞ്ചോല്പത്തിക്ക് കാരണമായി ഇന്ന് ഫിസിക്സ് അംഗീകരിക്കുന്ന ബിഗ് ബാംഗ് തിയറിയെ പറ്റിയുള്ള ഒരു ഫേസ്ബുക് പോസ്റ്റിനുതാഴെ ഒരു കടുത്ത മതവിശ്വാസി ഇട്ട കമന്റ് ആണ് ഇത്. “ഏതൊരു പൊട്ടിത്തെറിയിലും ഉള്ള സാധനങ്ങൾ നശിക്കുകയേയുള്ളൂ. പുതിയതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. പിന്നെയെങ്ങനെയാണ് ഒരു പൊട്ടിത്തെറിയിലൂടെയാണ് ഈ പ്രപഞ്ചം മുഴുവൻ ഉണ്ടായതെന്ന് പറയാൻ പറ്റുക?” ഇവിടെ ഈ കമന്റ് ഇട്ട വ്യക്തിയ്ക്ക് കൃത്യമായ ഉത്തരം നൽകണമെങ്കിൽ തിയററ്റിക്കൽ ഫിസിക്സിന്റെ  പ്രാഥമിക ധാരണ അയാള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടിവരും.

അര്‍ത്ഥം കാണുക