ശാസ്ത്രബോധം

വാക്കിൽ തൊട്ടുള്ള കളി

ഒരാൾ ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്തു. സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അതിലെ ഏതെങ്കിലും വാക്കിന്റെ വ്യാഖ്യാനത്തിൽ കടിച്ചുതൂങ്ങിയുള്ള വാദം കുയുക്തിയാണ്. പ്രശ്‌നത്തെ ഊതിപ്പെരുപ്പിക്കാൻ ബോധപൂർവ്വം പത്രക്കാരും ചാനലുകാര്യം രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും ഒക്കെ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണിത്. അടുത്ത കാലത്ത് പിതൃശൂന്യ പത്രപ്രവർത്തനം എന്നു പറഞ്ഞതിന്റ വ്യാഖ്യാനം പത്രപ്രവർത്തകർ പിതൃശൂന്യരാണ് എന്ന മട്ടിൽ പുരോഗമിച്ചുണ്ടായ കോലാഹലം നാം കണ്ടതാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ വിരവധിയുണ്ട്.

അര്‍ത്ഥം കാണുക

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ

കേൾവിക്കാരൻ വാദം ശരിവച്ചു കൊള്ളണം, അല്ലെങ്കിൽ ശരിപ്പെടുത്തിക്കളയുമെന്ന ഭീഷണി! ഭീഷണി ശാരീരികമോ മാനസികമോ മറ്റേതെങ്കിലും തരത്തിലോ ആവാം. ഉദാഹരണം : ജൈവകൃഷിയാണ് ഭാവിയുടെ രക്ഷാമാർഗ്ഗമെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. നിങ്ങൾ അങ്ങനെയല്ലെന്ന് സ്ഥാപിച്ച് ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കുള്ള വിശ്വാസ്യത തകർക്കരുത്.

അര്‍ത്ഥം കാണുക

കാര്യകാരണ ബന്ധമില്ലാത്ത നിഗമനം

ഉദാഹരണം – “സിനിമാ രംഗത്തെ ഒരു മഹാ പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഒരു മികച്ച നടൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ ഒരു പാർട്ടി ടിക്കറ്റ് കൊടുത്തു് ജയിപ്പിച്ചു പാർലമെന്റിൽ എത്തിക്കണം.“നല്ല ഒരു സിനിമാക്കാരൻ ആണ് എന്നത് നല്ല ഒരു പാർലിമെന്റേറിയൻ ആകാനുള്ള യോഗ്യത അല്ലല്ലോ..

അര്‍ത്ഥം കാണുക

തെളിവുമറയ്ക്കൽ

പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള വാദങ്ങൾ ഇതില്‍  പെടും. പരസ്യങ്ങളിൽ ഈ ഫാലസി ധാരാളമായി കാണാം. ഒരു ഉല്പന്നവും അതിന്റെ ദോഷങ്ങളെ പറ്റി പരസ്യങ്ങളിൽ പറയില്ല. ഉത്പന്നത്തിന്റെ പാർശ്വഫലങ്ങളെപ്പറ്റി അവർ അതിന്റെ കവറിൽ എഴുതുന്നത് നിയമം മൂലം അത് നിര്ബന്ധമാക്കപ്പെട്ടതുകൊണ്ടു മാത്രമാണ്. അതുപോലെ പല കപടശാസ്ത്രവാദങ്ങളിലും അവരുടെ വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനായി ഏതെങ്കിലും ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലങ്ങൾ ഭാഗികമായി ഉദ്ധരിക്കാറുണ്ട്. അതുപോലെ കോർപ്പറേറ്റ് മേഖലയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ ഫാലസി ധാരാളമായി കാണാനാകും.

അര്‍ത്ഥം കാണുക

കിണറ്റിൽ വിഷം കലക്കുക

വാദം ജയിക്കാൻ വേണ്ടി ആദ്യമേ തന്നെ മന:പൂർവ്വം കുയുക്തി നിരത്തും. തിരിച്ച് ഒരു വാദമുന്നയിക്കാൻ നിങ്ങളെ അശക്തനാക്കും! ഉദാ: കാസർഗോഡു ജില്ലയിലെ സർവ്വ ആരോഗ്യപ്രശ്‌നങ്ങളുടെയും കാരണം എൻഡോസൾഫാൻ പ്രയോഗമാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയല്ല എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബഹു രാഷ്ട്രകുത്തകകളുടെ പണം പറ്റുന്ന ചില ശാസ്ത്രജ്ഞന്മാർ മാത്രമാണ്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്? നിങ്ങൾ പെട്ടത് തന്നെ!

അര്‍ത്ഥം കാണുക

സ്വപ്നം മുറുകെ പിടിക്കുക

ചില വിശ്വാസങ്ങൾ സ്വപ്നം പോലെ നാം കൊണ്ടുനടക്കാറുണ്ട്. എതിരായി വരുന്ന തെളിവുകളെ അതുകൊണ്ടുതന്നെ നാം അംഗീകരിക്കില്ല. പക്ഷേ, ഒരാൾ ഉത്കടമായി ആഗ്രഹിക്കുന്നു എന്നതുകൊണ്ടുമാത്രം വാദം ശരിയാകണമെന്നില്ല. അവർ വിദേശഫണ്ട് വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ഞാൻ കരുതുന്നില്ല. അവർ ഒരു പരിസ്ഥിതിപ്രവർത്തകയാണ്. പരിസ്ഥിതിപ്രവർത്തകർ ഒരിക്കലും ഇത്തരം തെറ്റ് ചെയ്യില്ല. ഒരുഭാഗം ശരിയായതുകൊണ്ട് മുഴുവൻ ശരി ഒരു വസ്തുവിന്റെ ഒന്നോ രണ്ടോ ഭാഗങ്ങൾ ശരിയായതുകൊണ്ട് മുഴുവൻ ശരിയാണെന്ന കുയുക്തി ചിലപ്പോഴൊക്കെ ഒത്തുവന്നേക്കാം. പക്ഷേ, എല്ലാ കേസുകളും ശരിയാവണമെന്നില്ല. ഈ സ്വകാര്യ സ്‌ക്കൂളിലെ ഒരു കുട്ടിക്ക് സ്റ്റേറ്റ് റാങ്കു കിട്ടി. അതുകൊണ്ട് ഈ സ്‌ക്കൂൾ വളരെ നല്ല ഒന്നാണ്. മുഴുവൻ ശരിയായതുകൊണ്ട് ഭാഗങ്ങൾ ശരി മുഴുവനായി എടുത്താൽ വളരെ നന്നായിരിക്കും. പക്ഷേ, എല്ലാ ഭാഗങ്ങളും നന്നായിരിക്കില്ല. ഈ സ്ഥാപനം നടത്തുന്ന വാർഷിക കോൺഫറൻസ് വളരെ പ്രശസ്തവും വിജ്ഞാനപ്രദവുമാണ്. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന എല്ലാ അവതരണങ്ങളും നന്നായിരിക്കും.

അര്‍ത്ഥം കാണുക

രണ്ടിലൊന്ന്

സാധാരണക്കാരുടെ ഇടയിൽ കാണുന്നതും രണ്ടിൽ കൂടുതൽ പരിഹാരങ്ങളുള്ളതുമായ ഒരു പ്രശ്‌നത്തിന് രണ്ടുപക്ഷം മാത്രമേയുള്ളുവെന്നും രണ്ടിലൊന്ന് ഉടൻ നിശ്ചയിക്കണമെന്നുള്ള കുയുക്തി. 'നിങ്ങൾ എന്നോടൊപ്പം അല്ലെങ്കിൽ എനിക്കെതിരാണ് (You are with me or against me), പ്രസിദ്ധമായ ഒരു കുയുക്തിയാണ്. അമേരിക്കൻ പ്രസിഡന്റ് ഇറാക്ക് യുദ്ധത്തിൽ ലോകരാഷ്ട്രങ്ങളോട് പറഞ്ഞതിന്റെ അർത്ഥ മിതാണ്. മറ്റൊരു ഉദാഹരണം : നിങ്ങൾ ഉടൻ തീരുമാനമെടുക്കണം. നിങ്ങൾ അണക്കെട്ടു നിർമിക്കണമെന്നു പറയുന്നവരുടെ കൂടെയാണോ? അതോ, അണക്കെട്ടിനെ എതിർക്കുന്ന പരിസ്ഥിതി സംരക്ഷകരുടെ കൂടെയാണോ? ഈ രണ്ടു മാർഗ്ഗവുമല്ലാതെ മൂന്നാമതൊരു മാർഗം, അതായത്, പരിസ്ഥിതി ആഘാത പഠനം നടത്തി അണക്കെട്ടിന്റെ കാര്യം തീരുമാനിക്കാമെന്ന വസ്തുത കണക്കിലെടുക്കാതെ പോകുന്നു.

അര്‍ത്ഥം കാണുക

വാർപ്പുമാതൃക

സ്റ്റീരിയോ ടൈപ്പുകളെ ഉപയോഗിച്ച് ഒരു സമൂഹത്തെ മുഴുവൻ സാമാന്യവത്കരിക്കുന്നത് കുയുക്തി തന്നെ. വംശീയത, ജാതി, ലിംഗവിവേചനം ഇതിന്റെയൊക്കെ പിന്നിൽ ഈ മനോഭാവമാണുള്ളത്. സ്ത്രീകൾ പുരുഷന്മാരെക്കാൾ താഴെയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ഒരു സ്ത്രീ ഡ്രൈവിങ് അപകടം വരുത്തിയതുകണ്ടാൽ ഉടൻ ഇങ്ങനെ അഭിപ്രായപ്പെട്ടേക്കും : എന്റെ ധാരണ എത്ര ശരി! സ്ത്രീ കളെ ഡ്രൈവിങ്ങിനു കൊള്ളില്ല!

അര്‍ത്ഥം കാണുക

തെറ്റായ കാരണം

വ്യക്തമായ കാരണങ്ങളില്ലാതെ ഒരു സംഗതി മറ്റൊന്നിന് കാരണമായെന്ന് പറയുക. യഥാർത്ഥത്തിൽ സംഭവം നടക്കാനുണ്ടായ കാരണം മറ്റു പലതുമായിരിക്കും. ഈ ഉപന്യാസമത്സരത്തിൽ ഞാൻ ജയിക്കാനുണ്ടായ കാരണം നീലപ്പേന ഉപയോഗിച്ച് എഴുതിയതുകൊണ്ടാണ്. ഈ നീലപ്പേനയാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്. മത്സരങ്ങൾക്ക് പോകുമ്പോഴെല്ലാം ഞാനിതുതന്നെ ഉപയോഗിക്കും.

അര്‍ത്ഥം കാണുക