നിങ്ങൾ ഒരു നിഗമനത്തിലെത്തിച്ചേർന്നു. പക്ഷേ, തെളിവുശേഖരിച്ചപ്പോൾ മനസ്സിലായി എല്ലാ തെളിവുകളും അനുകൂലമല്ലെന്ന്! അതായത്, നിങ്ങളുടെ പരികൽപന തള്ളേണ്ടിവരും. അതിനു തയ്യാറാകാതെ പ്രതികൂലതെളിവുകൾ അറിയാത്ത ഭാവത്തിൽ മറച്ചുവയ്ക്കുകയോ, മന:പൂർവ്വം മറന്നതായി ഭാവിക്കുകയോ ചെയ്യുമ്പോഴാണ് ഈ കുയുക്തി അരങ്ങേറുന്നത്. അനുകൂലമായ തെളിവുകൾ മാത്രം ഉയർത്തിക്കാട്ടുകയും വിപരീതതെളിവുകളെ അവഗണിക്കുകയും ചെയ്യുന്ന ഈ പരിപാടി സാധാരണക്കാർ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരുമൊക്കെ ചെയ്യുന്നതാണ്. ഇങ്ങനെയുള്ളവരെ തുറന്നുകാട്ടുകയേ പോംവഴിയുള്ളു. ഉദാഹരണത്തിന്, ജൈവകൃഷിയുടെ കാര്യമെടുക്കാം. അനുകൂലമായും പ്രതികൂലമായും ധാരാളം തെളിവുകളുണ്ട്. ഇതിനെ അനുകൂലിക്കുന്ന വ്യക്തി അനുകൂലമായ വാദമുഖങ്ങൾ മാത്രം നിരത്തും. പ്രതികൂല മായവ കണ്ടില്ലെന്ന് ഭാവിക്കുകയും ചെയ്യും. ഇത് തിരിച്ചും സംഭവിക്കാം! തെളിവ് മറച്ചുവയ്ക്കുന്ന കുയുക്തി ഏറ്റവുമധികം കാണുക പരസ്യങ്ങളിലായിരിക്കും!