ചില വിശ്വാസങ്ങൾ സ്വപ്നം പോലെ നാം കൊണ്ടുനടക്കാറുണ്ട്. എതിരായി വരുന്ന
തെളിവുകളെ അതുകൊണ്ടുതന്നെ നാം അംഗീകരിക്കില്ല. പക്ഷേ, ഒരാൾ ഉത്കടമായി
ആഗ്രഹിക്കുന്നു എന്നതുകൊണ്ടുമാത്രം വാദം ശരിയാകണമെന്നില്ല. അവർ
വിദേശഫണ്ട് വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ഞാൻ കരുതുന്നില്ല. അവർ
ഒരു പരിസ്ഥിതിപ്രവർത്തകയാണ്. പരിസ്ഥിതിപ്രവർത്തകർ ഒരിക്കലും ഇത്തരം തെറ്റ്
ചെയ്യില്ല.
ഒരുഭാഗം ശരിയായതുകൊണ്ട് മുഴുവൻ ശരി
ഒരു വസ്തുവിന്റെ ഒന്നോ രണ്ടോ ഭാഗങ്ങൾ ശരിയായതുകൊണ്ട് മുഴുവൻ ശരിയാണെന്ന
കുയുക്തി ചിലപ്പോഴൊക്കെ ഒത്തുവന്നേക്കാം. പക്ഷേ, എല്ലാ കേസുകളും
ശരിയാവണമെന്നില്ല. ഈ സ്വകാര്യ സ്‌ക്കൂളിലെ ഒരു കുട്ടിക്ക് സ്റ്റേറ്റ് റാങ്കു കിട്ടി. അതുകൊണ്ട് ഈ സ്‌ക്കൂൾ വളരെ നല്ല ഒന്നാണ്.
മുഴുവൻ ശരിയായതുകൊണ്ട് ഭാഗങ്ങൾ ശരി
മുഴുവനായി എടുത്താൽ വളരെ നന്നായിരിക്കും. പക്ഷേ, എല്ലാ ഭാഗങ്ങളും നന്നായിരിക്കില്ല. ഈ
സ്ഥാപനം നടത്തുന്ന വാർഷിക കോൺഫറൻസ് വളരെ പ്രശസ്തവും വിജ്ഞാനപ്രദവുമാണ്.
അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന എല്ലാ അവതരണങ്ങളും നന്നായിരിക്കും.