Cherry Picking

താല്പര്യമുള്ളതിനെ മാത്രം ഉയര്‍ത്തിക്കാട്ടുക


Observational selection fallacy - താല്പര്യമുള്ളതിനെ മാത്രം ഉയര്‍ത്തിക്കാട്ടുക.. കുറേ വസ്തുതകളിൽ നിന്ന്, അവകാശവാദത്തെ സാധൂകരിക്കുന്ന ഏതാനും ചില വസ്തുതകൾ മാത്രം ഉദ്ധരിക്കുന്നതാണ് ഈ ഫാലസി. ഉദാഹരണമായി ഒരു സ്ഥാനാർഥി ചെയ്ത നല്ല കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാളുടെ പാർട്ടിയും അയാൾക്കു പറ്റിയ വീഴ്ചകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു എതിർ പാർട്ടിയും പ്രചാരണം നടത്തുന്നത് നമ്മൾ കാണാറുണ്ടല്ലോ. ഇവിടെ രണ്ട് പാർട്ടിക്കാരും അവർക്കു സഹായകമായ പോയിന്റുകൾ മാത്രം ചെറിപിക്ക് ചെയ്യുകയാണ്. പക്ഷെ വോട്ടർമാരായ നമുക്ക് ഈ കുയുക്തിയെ പറ്റി അറിവുണ്ടെങ്കിൽ രണ്ടു പ്രചാരണങ്ങളിലും വീഴാതെ സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. അതുപോലെതന്നെ വർഗീയമായും രാഷ്ട്രീയമായുമൊക്കെ കുത്തിത്തിരിപ്പുണ്ടാക്കുന്നവരുടെ പ്രിയപ്പെട്ട കപട തന്ത്രമാണ് ഇത്. ഒരിക്കൽ രണ്ടു മതഗ്രന്ഥങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വാട്സാപ്പ് ഫോർവേഡ് കാണുകയുണ്ടായി. ഒരു മതഗ്രന്ഥത്തിൽ നിന്നുള്ള നല്ല വചനങ്ങളും മറ്റേ മതഗ്രന്ഥത്തിൽ നിന്നുള്ള മനുഷ്യത്വരഹിതമായ വചനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യത്തെ മതം രണ്ടാമത്തേതിനേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു മെസ്സേജ് ആയിരുന്നു അത്. ഇവിടെ തമാശ എന്തെന്നാൽ രണ്ടാമത്തെ മതത്തിലുള്ള ഒരാൾക്ക് ഇതേ മാർഗം ഉപയോഗിച്ച് ആദ്യത്തെ മതത്തെയും അപഹസിക്കാനും ഇകഴ്ത്താനും  പറ്റും എന്നതാണ്!

Share This Article
Print Friendly and PDF