Programming

പ്രോഗ്രാമിങ്ങ്‌

ഒരു കംപ്യൂട്ടര്‍ വ്യൂഹത്തെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ (പ്രാഗ്രാം) എഴുതുകയും കംപ്യൂട്ടറിന്‌ നല്‍കുകയും ചെയ്യുന്ന പ്രക്രിയ. കംപ്യൂട്ടറിന്റെ അടിസ്ഥാന ഘടകങ്ങളായ ലോജിക്‌ ഗേറ്റുകളെ വേണ്ടവിധം ക്രമീകരിച്ചാണ്‌ കംപ്യൂട്ടറുകളെ സൃഷ്‌ടിക്കുന്നത്‌. ലോജിക്‌ ഗേറ്റുകളുടെ ഇന്‍പുട്ടിലേക്ക്‌ വേണ്ട രീതിയിലുള്ള സിഗ്‌നലുകള്‍ എത്തുമ്പോഴാണ്‌ കംപ്യൂട്ടര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം സിഗ്‌നലുകള്‍ അതത്‌ സമയങ്ങളില്‍ സൃഷ്‌ടിക്കുകയും യുക്തമായ സ്ഥാനങ്ങളില്‍ എത്തിക്കുകയുമാണ്‌ പ്രാഗ്രാമിങ്ങിലൂടെ സാധിക്കുന്നത്‌. ഒരു കംപ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം പ്രാഗ്രാമുകള്‍ രണ്ട്‌ വിധത്തിലുണ്ട്‌. സ്വിച്ചിട്ടാല്‍ പ്രവര്‍ത്തനസന്നദ്ധമാവുന്നതിന്‌ കംപ്യൂട്ടറിനെ സജ്ജമാക്കുന്നതാണ്‌ ഒരിനം. ഇത്‌ കംപ്യൂട്ടറിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രാഗ്രാം ഉണ്ടാക്കുന്നതും കംപ്യൂട്ടറില്‍ ലോഡ്‌ ചെയ്യുന്നതും നിര്‍മാതാക്കളാണ്‌. ഉപഭോക്താവു തന്നെ വികസിപ്പിച്ചെടുക്കുന്നതാണ്‌ രണ്ടാമത്തേത്‌. തങ്ങള്‍ക്കു നിര്‍ധരിക്കുവാനുള്ള പ്രശ്‌നത്തിന്‌ അനുയോജ്യമായ പ്രാഗ്രാം ആയിരിക്കും ഇത്‌. ഏതെങ്കിലും ഉയര്‍ന്നതല ഭാഷയിലായിരിക്കും ഇതെഴുതുന്നത്‌. ഈ രണ്ടു വിധത്തിലുംപെട്ട പ്രാഗ്രാമുകള്‍ക്കാണ്‌ സോഫ്‌റ്റ്‌വെയര്‍ എന്നു പറയുന്നത്‌. പ്രാഗ്രാമിങ്ങിന്‌ നാല്‌ ഘട്ടങ്ങള്‍ ഉണ്ട്‌ എന്ന്‌ പൊതുവേ പറയാം. നിര്‍ധരിക്കേണ്ട പ്രശ്‌നം എന്തെന്ന്‌ കണ്ടെത്തുകയും വിശദമായി മനസ്സിലാക്കുകയും ചെയ്യുന്നതാണ്‌ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തില്‍ ഈ പ്രശ്‌നത്തിന്‌ അനുയോജ്യമായ ഒരു നിര്‍ധാരണ രീതി കണ്ടെത്തുകയും ഒരു ഫ്‌ളോചാര്‍ട്ട്‌ ഉണ്ടാക്കുകയും ചെയ്യുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ ഉയര്‍ന്നതലഭാഷയില്‍ പ്രാഗ്രാം എഴുതുന്നു. ഏറ്റവും ഒടുവില്‍ കംപ്യൂട്ടറിന്റെ മെമ്മറിയില്‍ സംഭരിക്കപ്പെടുന്നു. ആവശ്യമുള്ളപ്പോള്‍ പ്രാഗ്രാം റണ്‍ ചെയ്‌താല്‍ പ്രശ്‌നം നിര്‍ധാരണം ചെയ്‌ത്‌ ഫലം ലഭിക്കുന്നു.

Category: None

Subject: None

303

Share This Article
Print Friendly and PDF