X-ray crystallography

എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി.

എക്‌സ്‌റേ ഉപയോഗിച്ച്‌ ക്രിസ്റ്റലുകളുടെയും അതുവഴി സങ്കീര്‍ണ്ണ തന്മാത്രകളുടെയും ത്രിമാന ഘടന, സമമിതി, ഗുണധര്‍മങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കുന്ന സാങ്കേതിക വിദ്യ. ക്രിസ്റ്റലുകളും എക്‌സ്‌റേയും തമ്മിലുള്ള പ്രവര്‍ത്തനഫലമായുണ്ടാകാവുന്ന വിഭംഗന മാതൃകകള്‍ പരിശോധിച്ചാണ്‌ ഇത്‌ സാധിക്കുന്നത്‌. തന്മാത്രാ ഘടന മനസ്സിലാക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഒന്നാണ്‌ ഈ മാര്‍ഗം. കംപ്യൂട്ടറുകളുടെ സഹായത്താല്‍ വിഭംഗന മാതൃകകള്‍ പരിശോധിച്ച്‌ ഗുണധര്‍മങ്ങള്‍ ഏതാണ്ട്‌ പൂര്‍ണ്ണമായി തന്നെ മനസ്സിലാക്കാവുന്നതാണ്‌. ജീവനെന്ന പ്രതിഭാസത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പല സങ്കീര്‍ണ തന്മാത്രകളുടെയും ത്രിമാന ഘടന ആദ്യമായി വിശദീകരിച്ചത്‌ ഈ രീതി ഉപയോഗിച്ചാണ്‌. മയോഗ്ലോബിന്‍, ലൈസോസൈം, രക്തത്തിലെ ഓക്‌സിജന്‍ വാഹികളായ ഹീമോഗ്ലോബിന്‍ എന്നിവയുടെ ഘടന നിര്‍ണ്ണയിക്കപ്പെട്ടത്‌ എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയിലൂടെയാണ്‌. ചിത്രത്തില്‍ ബിന്ദുക്കള്‍ ക്രിസ്റ്റല്‍ ജാലികയിലെ ആറ്റങ്ങളുടെ സ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. 1, 2 എന്നിവ വന്നു പതിക്കുന്ന എക്‌സ്‌റേകളാണ്‌. ഒരേ ഫേസിലാണ്‌ ഇവയെങ്കിലും പ്രതിഫലനശേഷം ഫേസിനു വ്യത്യാസം വരുന്നു. (ഒരു രശ്‌മി കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത്‌ ശ്രദ്ധിക്കുക) ഈ പഥവ്യത്യാസം 2 dsinθ ആണ്‌. nλ=2dsinθഎന്ന സൂത്രവാക്യത്തില്‍ നിന്ന്‌ d കണ്ടുപിടിക്കാം. ( n=1, 2, 3 ....) പ്രതിഫലിത രശ്‌മികളുടെ ഫേസ്‌ വ്യത്യാസത്തില്‍ നിന്ന്‌ ഇലക്‌ട്രാണ്‍ സാന്ദ്രത പോലുള്ള മറ്റു നിര്‍ണായക വിവരങ്ങളും ലഭ്യമാണ്‌.

Category: None

Subject: None

189

Share This Article
Print Friendly and PDF