Quarks

ക്വാര്‍ക്കുകള്‍.

ക്വാര്‍ക്ക്‌ സിദ്ധാന്തമനുസരിച്ച്‌ ഹാഡ്രാണുകള്‍ എല്ലാം ക്വാര്‍ക്കു നിര്‍മ്മിതമാണെന്നാണ്‌ സങ്കല്‍പം. കണഭൗതികത്തിലെ ഒട്ടെല്ലാ പ്രതിഭാസങ്ങളും വിശദീകരിക്കുവാന്‍ ക്വാര്‍ക്ക്‌ സങ്കല്‍പം വളരെ സഹായകമാണ്‌. ഗെല്‍മാന്‍, സ്വൈഗ്‌ എന്നീ ശാസ്‌ത്രജ്ഞരുടെ സിദ്ധാന്തമനുസരിച്ച്‌ പ്രാട്ടോണ്‍, ന്യൂട്രാണ്‍, മെസോണ്‍ തുടങ്ങിയ കണങ്ങള്‍ അതിനേക്കാള്‍ പ്രാഥമികമായ ക്വാര്‍ക്കുകള്‍ കൊണ്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. അവയെ മേല്‍ (up-u) കീഴ്‌ ( down-d) വിചിത്രം ( strange-s) എന്നിങ്ങനെ വിളിക്കുന്നു. പ്രാട്ടോണ്‍ രണ്ട്‌ u ക്വാര്‍ക്കുകളും ഒരു d ക്വാര്‍ക്കും ചേര്‍ന്നുണ്ടായതാണ്‌. ന്യൂട്രാണ്‍ രണ്ട്‌ d ക്വാര്‍ക്കുകളും ഒരു u ക്വാര്‍ക്കും ചേര്‍ന്നും. ക്വാര്‍ക്കുകളുടെ പ്രത്യേകത, അവയ്‌ക്ക്‌ ആംശിക വൈദ്യുത ചാര്‍ജാണുള്ളത്‌ എന്നതാണ്‌. ഈ മൂന്നു ക്വാര്‍ക്കുകള്‍ കൂടാതെ വശ്യം (charm-C) എന്നൊരു ക്വാര്‍ക്കു കൂടെ ഉണ്ടെന്ന്‌ 1974 ല്‍ സിദ്ധാന്തിക്കപ്പെട്ടു. 1977 ല്‍ സുന്ദരം ( bottom or beauty-b) എന്ന പേരില്‍ മറ്റൊരു ക്വാര്‍ക്കിന്റെ അസ്‌തിത്വം കൂടി അംഗീകരിക്കേണ്ടി വന്നു. ടോപ്പ്‌ ( top-t) എന്ന ഒരു ക്വാര്‍ക്കു കൂടെ ഉണ്ടെന്ന്‌ സൈദ്ധാന്തിക ശാസ്‌ത്രജ്ഞര്‍ക്ക്‌ പിന്നീട്‌ ബോധ്യമായി. 1978ല്‍ ഫെര്‍മി ലാബിലെ കണത്വരിത്രത്തില്‍ ബോട്ടം ( b) ക്വാര്‍ക്കിനെ കണ്ടെത്തി. ഇപ്പോള്‍ എല്ലാ ക്വാര്‍ക്കുകളുടെയും അസ്‌തിത്വം കണത്വരിത്രത്തിലെ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. cf. Quantum Chromo Dynamics.

Category: None

Subject: None

323

Share This Article
Print Friendly and PDF