Jaundice

മഞ്ഞപ്പിത്തം.

തൊലിക്കും മറ്റുകലകള്‍ക്കും മഞ്ഞ നിറം ഉണ്ടാകുന്ന അവസ്ഥ. ബിലിറൂബിന്‍ എന്ന പിത്തരസ വര്‍ണകം അടിഞ്ഞുകൂടുന്നതാണിതിനു കാരണം. ഹീമോഗ്ലോബിന്‍ വിഘടിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു ഉത്‌പന്നമാണ്‌ ബിലിറൂബിന്‍. കരള്‍ രോഗം ഉണ്ടാകുമ്പോള്‍ ചുവന്ന രക്തകോശങ്ങള്‍ അമിതമായി വിഘടിക്കപ്പെടുന്നതിനാല്‍, ബിലിറൂബിന്‍ പൂര്‍ണമായും മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടാതെ വരുന്നു. ഹെപ്പാറ്റൈറ്റിസ്‌, ഗാള്‍സ്റ്റോണ്‍ മൂലമുണ്ടാകുന്ന തടസ്സം എന്നിവ മഞ്ഞപ്പിത്തത്തിന്‌ കാരണമാകാം. കൂടാതെ വിഷബാധ, സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനം എന്നിവകൊണ്ടും ചുവന്ന രക്തകോശങ്ങള്‍ വിഘടിക്കപ്പെടാം. നവജാതശിശുക്കളില്‍ കാണുന്ന പ്രത്യേക തരം മഞ്ഞപ്പിത്തമുണ്ട്‌. സമയത്തിന്‌ മുമ്പ്‌ ജനിക്കുന്ന ശിശുക്കളുടെ കരള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയില്ല. ആ സമയത്ത്‌ ഹീമോഗ്ലോബിന്റെ വിഘടന ഉത്‌പന്നങ്ങള്‍ ശരീരത്തില്‍ കുന്നുകൂടും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മഞ്ഞപ്പിത്തം "നവജാതശിശു മഞ്ഞപ്പിത്തം' എന്ന്‌ അറിയപ്പെടുന്നു. അച്ഛനമ്മമാര്‍ തമ്മില്‍ ആര്‍എച്ച്‌ പൊരുത്തക്കേടുണ്ടാകുമ്പോഴും നവജാത ശിശുവില്‍ മഞ്ഞപ്പിത്തം കണ്ടേക്കാം. അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ആര്‍എച്ച്‌ ആന്റിബോഡികള്‍ ഭ്രൂണത്തിന്റെ രക്തചംക്രമണത്തില്‍ കടന്ന്‌, ചുവന്ന രക്തകോശങ്ങളെ നശിപ്പിക്കുന്നതാണിതിനു കാരണം. ഈ അവസ്ഥയെ എറിത്രാബ്ലാസ്റ്റോസിസ്‌ ഫീറ്റാലിസ്‌ എന്നു വിളിക്കും.

Category: None

Subject: None

204

Share This Article
Print Friendly and PDF