Magneto hydro dynamics

കാന്തിക ദ്രവഗതികം.

സുചാലകങ്ങളായ ദ്രവങ്ങളും കാന്തിക മണ്ഡലവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ സംബന്ധിച്ച പഠനശാഖയാണിത്‌. MHD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ അടിസ്ഥാന തത്വം വിദ്യുത്‌ കാന്തിക പ്രരണമാണ്‌. പക്ഷേ പഠനവിധേയമാകുന്ന ചാലകം ദ്രവമായതിനാല്‍ സൈദ്ധാന്തിക വിശകലനം സങ്കീര്‍ണമാണ്‌. ഉയര്‍ന്ന താപനിലയുള്ള ഒരു അയണീകൃത വാതകം (പ്ലാസ്‌മ) ഒരു കാന്തിക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്പോള്‍ വിദ്യുത്‌ ചാലക ബലം സൃഷ്‌ടിക്കപ്പെടുന്നു. ഇതുമൂലമുണ്ടാകുന്ന വിദ്യുത്‌ധാരയെ രണ്ട്‌ ഇലക്‌ട്രാഡുകള്‍ ഉപയോഗിച്ച്‌ ശേഖരിക്കാനാവും. ബോയ്‌ലറിന്റെയും ആവിയന്ത്രത്തിന്റെയുമൊന്നും സഹായം കൂടാതെ താപോര്‍ജത്തെ നേരിട്ട്‌ വൈദ്യുതോര്‍ജമാക്കി മാറ്റാനുള്ള മാര്‍ഗം എന്ന നിലയ്‌ക്കാണ്‌ MHDപ്രാധാന്യമര്‍ഹിക്കുന്നത്‌. MHD ഉപയോഗിച്ചുള്ള വൈദ്യുതോല്‌പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്‌ ഉപയോഗിക്കുന്ന വാതകത്തിന്റെ ചാലകതയാണ്‌. ഇതാകട്ടെ വാതകത്തിന്റെ സ്വഭാവഗുണങ്ങളെയും അതിന്റെ താപനിലയെയുമാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. 3000മോ 4000മോ 0Cതാപനിലകളില്‍പ്പോലും വാതകത്തിലെ അയോണ്‍ സാന്ദ്രത ലക്ഷത്തിലൊരംശമേ വരൂ. ഈ താപനിലകളില്‍ എളുപ്പം അയണീകരിക്കപ്പെടുന്ന മൂലകങ്ങള്‍ (ഉദാ: പൊട്ടാസ്യം) വാതകത്തോടു ചേര്‍ത്താണ്‌ ഇത്തരം അവസരങ്ങളില്‍ വാതകത്തിന്റെ ചാലകത വര്‍ധിപ്പിക്കുന്നത്‌. "സീഡിങ്‌' എന്നാണിതറിയപ്പെടുന്നത്‌. പക്ഷേ സീഡിങ്‌ നടത്തിയാല്‍ പോലും വാതകങ്ങളുടെ ചാലകത ചെമ്പിന്റെ ചാലകതയുടെ ലക്ഷത്തിലൊന്നോളമേ വരൂ. തന്‍മൂലം മാഗ്‌നെറ്റോ ഹൈഡ്രാഡൈനാമിക്‌ ജനറേറ്ററുകളുടെ വലുപ്പം അതിഭീമമായിരിക്കും. ദക്ഷത വളരെ കുറവും.

Category: None

Subject: None

298

Share This Article
Print Friendly and PDF