Magnitude 2. (phy)

കാന്തിമാനം.

നക്ഷത്രങ്ങളുടെയും മറ്റ്‌ വാനവസ്‌തുക്കളുടെയും ആപേക്ഷികശോഭ സൂചിപ്പിക്കുന്ന സ്‌കെയില്‍. തുടക്കത്തില്‍, മാനത്തെ ഏറ്റവും ശോഭയുള്ള നക്ഷത്രങ്ങളുടെ കാന്തിമാനം 1 എന്നും കഷ്ടിച്ചു കാണാന്‍ കഴിയുന്ന മങ്ങിയ നക്ഷത്രങ്ങളുടേത്‌ 6 എന്നും സങ്കല്‍പ്പിച്ചു. കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ക്കെല്ലാം ഇതിനിടയിലാണ്‌ കാന്തിമാനം. മികച്ച അളവുപകരണങ്ങള്‍ ലഭ്യമായപ്പോള്‍ കാന്തിമാനം 1ഉം 6ഉം തമ്മില്‍ യഥാര്‍ഥ ശോഭയില്‍ 100 ഇരട്ടി വ്യത്യാസമുണ്ടെന്നും കണ്ണ്‌ ശോഭാ വ്യത്യാസം ദര്‍ശിക്കുന്നത്‌ ലോഗരിത സ്‌കെയിലില്‍ ആണെന്നും വ്യക്തമായി. അതായത്‌, കാന്തിമാനവ്യത്യാസം 5 = ശോഭാവ്യത്യാസം 100; കാന്തിമാന വ്യത്യാസം 1 = ശോഭാവ്യത്യാസം (100) 1/5 = 2.512. ചന്ദ്രന്‍, സൂര്യന്‍, ശുക്രന്‍ പോലുള്ള വാനവസ്‌തുക്കളെക്കൂടി കാന്തിമാന സ്‌കെയിലില്‍ ഉള്‍പ്പെടുത്താനായി 1ല്‍ കുറഞ്ഞ കാന്തിമാനവും ഇപ്പോള്‍ ഉപയോഗിക്കുന്നു. ഉദാ: ചന്ദ്രന്റെ കാന്തിമാനം -12 ആണ്‌. മുന്‍ പറഞ്ഞത്‌ പ്രത്യക്ഷകാന്തികമാനം ( apparent magnitude) ആണ്‌. ഇത്‌ നക്ഷത്രങ്ങളുടെ തനത്‌ ശോഭയെയും ദൂരത്തെയും ആശ്രയിച്ചിരിക്കും. മറ്റു രണ്ടുതരം കാന്തിമാനങ്ങള്‍ കൂടി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്‌. 1. കേവലകാന്തിമാനം ( absolute magnitude). വാനവസ്‌തു നിരീക്ഷകനില്‍ നിന്ന്‌ 10 പാര്‍സെക്‌ അകലെ ആയിരുന്നെങ്കില്‍ അതിന്റെ പ്രത്യക്ഷ കാന്തിമാനം എത്രയായിരിക്കും എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. നക്ഷത്രങ്ങളുടെ യഥാര്‍ഥ ജ്യോതിയുടെ താരതമ്യത്തിന്‌ ഇതു പ്രയോജനപ്പെടുന്നു. 2. ബോളോമെട്രിക്‌ കാന്തിമാനം ( Bolometric magnitude). സാധാരണയായി കാന്തിമാനം കണക്കാക്കാന്‍ ഏതാനും ദൃശ്യതരംഗങ്ങളെ (ഉദാ: UBV) മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിനു പകരം എല്ലാ തരംഗ ദൈര്‍ഘ്യങ്ങളും അളക്കുന്നുവെങ്കില്‍ അതിനാണ്‌ ബോളോമെട്രിക്‌ കാന്തിമാനം എന്നു പറയുന്നത്‌.

Category: None

Subject: None

169

Share This Article
Print Friendly and PDF