Pulse modulation

പള്‍സ്‌ മോഡുലനം.

വിദ്യുത്‌ സ്‌പന്ദങ്ങളെ (പള്‍സുകളെ) മോഡുലനം ചെയ്‌ത്‌ വിവരങ്ങള്‍ (സിഗ്‌നല്‍) ഒരു സ്ഥാനത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ അയക്കുന്ന സമ്പ്രദായം. നിശ്ചിത ആവൃത്തിയും ആയാമവുമുള്ള വിദ്യുത്‌ സ്‌പന്ദങ്ങളാണ്‌ വാഹക തരംഗങ്ങള്‍. സ്‌പന്ദങ്ങളുടെ ഏതെങ്കിലും ഒരു രാശിയില്‍ സിഗ്‌നലിന്‌ അനുസൃതമായി മാറ്റം വരുത്തുന്നതാണ്‌ അടിസ്ഥാന തത്വം. പ്രധാനപ്പെട്ട നാല്‌ രീതികള്‍ ഇവയാണ്‌. 1. pulse amplitude modulation പള്‍സ്‌ ആയാമ മോഡുലനം. വാഹക പള്‍സ്‌ തരംഗത്തിന്റെ ആയാമത്തിന്‌ വരുന്ന മാറ്റം സിഗ്നലിന്‌ അനുരൂപമാണ്‌. PAM എന്ന്‌ചുരുക്ക രൂപം. ആയാമത്തിന്റെ നൈമിഷിക മൂല്യത്തിന്‌ ആനുപാതികമായിരിക്കും പള്‍സുകളുടെ ആയാമം. 2. Pulse width modulation പള്‍സ്‌ വീതി മോഡുലേഷന്‍. വാഹക പള്‍സ്‌ തരംഗത്തിന്റെ ഓരോ പള്‍സിന്റെയും വീതി സിഗ്‌നലിന്‌ അനുരൂപമാണ്‌. പള്‍സ്‌ എത്ര നേരം നീണ്ടുനില്‍ക്കുന്നു എന്നത്‌ സിഗ്‌നലിന്റെ ആയാമത്തിന്‌ ആനുപാതികമാണ്‌. Pulse duration modulation എന്നും പേരുണ്ട്‌. PWM (PDM) എന്ന്‌ ചുരുക്ക രൂപം. 3. Pulse position modulation പള്‍സ്‌ സ്ഥാന മോഡുലനം. വാഹക പള്‍സ്‌ തരംഗത്തിലെ ഓരോ പള്‍സിന്റെയും സ്ഥാനം സിഗ്നലിന്‌ അനുരൂപമായി മാറിക്കൊണ്ടിരിക്കുന്നു. പള്‍സുകള്‍ ആവര്‍ത്തിക്കപ്പെടുന്ന ഇടവേള സിഗ്നലിന്റെ ആയാമത്തിന്‌ ആനുപാതികമായിരിക്കും. PPM എന്ന്‌ ചുരുക്ക രൂപം. 4. Pulse code modulation പള്‍സ്‌ കോഡ്‌ മോഡുലനം. സിഗ്‌നലിനെ നിര്‍ദ്ദിഷ്‌ട ഇടവേളകളില്‍ സാമ്പിള്‍ ചെയ്യുന്നു. സാമ്പിളിങ്ങ്‌ ബിന്ദുക്കളിലെ സിഗ്‌നല്‍ ആയാമത്തിന്‌ ആനുപാതികമായ ബൈനറി സിഗ്‌നലുകള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഈ പ്രക്രിയയ്‌ക്ക്‌ കോഡിങ്ങ്‌ എന്നു പറയുന്നു. ഈ ബൈനറി സിഗ്‌നലുകള്‍ (പള്‍സ്‌ ശ്രണി) പ്രക്ഷണം ചെയ്യുന്നു.

Category: None

Subject: None

254

Share This Article
Print Friendly and PDF