Solar eclipse

സൂര്യഗ്രഹണം.

ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നതിനാല്‍ സൂര്യബിംബം ഭാഗികമായോ പൂര്‍ണമായോ മറയുന്നത്‌. സൂര്യനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ പ്രകാശം പ്രസരിക്കുന്ന ദിശയില്‍ (ഭൂമിയേയും സൂര്യനേയും ബന്ധിപ്പിക്കുന്ന രേഖയില്‍) ചന്ദ്രന്റെ കുറച്ചു ഭാഗമെങ്കിലും ഉണ്ടായാല്‍ മാത്രമേ (കറുത്ത വാവുനാള്‍) ഇതു സംഭവിക്കൂ. ചന്ദ്രന്റെ പ്രഛായ പതിക്കുന്ന സ്ഥാനത്തു നിന്നു നോക്കിയാല്‍ പൂര്‍ണ സൂര്യഗ്രഹണവും, ഉപഛായ പതിക്കുന്നിടത്തു നിന്നു നോക്കിയാല്‍ ഭാഗിക സൂര്യഗ്രഹണവും കാണാം. ചന്ദ്രബിംബത്തിന്റെ കോണീയ വലിപ്പം സൂര്യബിംബത്തിന്റെ കോണീയ വലിപ്പത്തെക്കാള്‍ കുറവായിരിക്കുന്ന സന്ദര്‍ഭമായാല്‍, പ്രഛായ ഭൂമിയില്‍ പതിക്കുകയില്ല; ഉപഛായ മാത്രമെ പതിക്കൂ. പ്രഛായ കോണ്‍ ഭൂമിയിലേക്കു നീട്ടിയാല്‍ ഭൂമിയില്‍ സ്‌പര്‍ശിക്കുന്ന ഭാഗങ്ങളില്‍ നിന്നു നോക്കിയാല്‍ സൂര്യബിംബത്തിന്റെ അകഭാഗം മറഞ്ഞ്‌ ഒരു വലയംപോലെ കാണാനാവും. ഇതിന്‌ വലയാകാരഗ്രഹണം എന്നു പറയുന്നു. പാതങ്ങളെ യോജിപ്പിക്കുന്ന രേഖയില്‍ സൂര്യനും-ഭൂമിയും സംപതിക്കുന്ന ദിവസത്തിനു മുമ്പും പിമ്പും ഏകദേശം 15 ദിവസത്തിനിടയ്‌ക്ക്‌ സൂര്യഗ്രഹണം സംഭവിക്കാം. ഈ കാലയളവിന്‌ ഗ്രഹണഋതു എന്നു പറയുന്നു. ഒരേ പാതവുമായി ബന്ധപ്പെട്ട അടുത്തടുത്ത രണ്ടു ഗ്രഹണഋതുക്കള്‍ തമ്മിലുള്ള കാലം 346.62 ദിവസമാണ്‌. ഇതിന്‌ ഗ്രഹണവര്‍ഷം എന്നു പറയുന്നു. annular eclipse നോക്കുക.

Category: None

Subject: None

290

Share This Article
Print Friendly and PDF