Stellar population

നക്ഷത്രസമഷ്ടി.

നക്ഷത്രങ്ങളെ അവയുടെ രാസഘടനയും പ്രായവും അനുസരിച്ച്‌ സമഷ്ടി I, (Populatin I), സമഷ്ടി II (Population II) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. സമഷ്ടി I താരതമ്യേന പ്രായം കുറഞ്ഞ, ഭാരമേറിയ മൂലകങ്ങള്‍ കൂടുതലുള്ളവയാണ്‌. ഇവ ഏറെയും കാണപ്പെടുക ഗാലക്‌സികളുടെ സര്‍പ്പിളഭുജങ്ങളിലാണ്‌. മാനത്ത്‌ നമ്മള്‍ നഗ്നദൃഷ്ടികൊണ്ടു കാണുന്ന മിക്ക നക്ഷത്രങ്ങളും (സൂര്യന്‍ ഉള്‍പ്പെടെ) ഈ വിഭാഗത്തില്‍പ്പെട്ടവയാണ്‌. സമഷ്ടി II, പ്രായമേറിയ, ഘനമൂലകങ്ങള്‍ കുറഞ്ഞ താരങ്ങളാണ്‌. ഗാലക്‌സിത്തളികയിലും പരിവേഷഭാഗത്തും അതിനു പുറത്തുള്ള ഗ്ലോബുലര്‍ ക്ലസ്റ്ററുകളിലും കാണപ്പെടുന്നു. വന്‍ വാതക പടലം ഗാലക്‌സികളായി സങ്കോചിച്ച ഘട്ടത്തില്‍ രൂപംകൊണ്ടവയാണിവ എന്നു കരുതപ്പെടുന്നു. സൂപ്പര്‍ നോവകളായി പൊട്ടിത്തെറിച്ച അതിഭീമന്‍ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്തി സമഷ്ടി III എന്ന ഒരു വിഭാഗത്തെക്കൂടി നിര്‍വചിക്കാറുണ്ട്‌. ഇങ്ങനെ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളില്‍ നിന്നുള്ള ഘനമൂലകങ്ങള്‍കൂടി ഉള്‍പ്പെട്ട നെബുലകള്‍ പില്‍ക്കാലത്ത്‌ സങ്കോചിച്ച്‌ രൂപംകൊണ്ടവയാണ്‌ സമഷ്ടി I നക്ഷത്രങ്ങള്‍ എന്നു കരുതപ്പെടുന്നു.

Category: None

Subject: None

267

Share This Article
Print Friendly and PDF