Wind

കാറ്റ്‌

വാതം. വാതങ്ങളും കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്‌. ഇവയുടെ അടിസ്ഥാനം ഭൂമധ്യരേഖയിലെയും ധ്രുവപ്രദേശങ്ങളിലെയും താപനിലയിലുള്ള വ്യത്യാസമാണ്‌. ഭൂമധ്യരേഖയില്‍ സൂര്യനില്‍ നിന്നു കൂടുതല്‍ ചൂട്‌ ലഭിക്കുന്നു. ധ്രുവപ്രദേശങ്ങളില്‍ കുറവും. ഭൂമധ്യരേഖയില്‍ നിന്ന്‌ ധ്രുവപ്രദേശങ്ങളിലേക്ക്‌ താപം കൈമാറ്റം ചെയ്യപ്പെടുന്നതാണ്‌ എല്ലാത്തരം കാലാവസ്ഥാ മാറ്റങ്ങള്‍ക്കും കാരണമാകുന്നത്‌. ഭൂമിയുടെ ഭ്രമണവും ഇതിനെ സ്വാധീനിക്കുന്നുണ്ട്‌. ഭൂമിയുടെ ഭ്രമണം മൂലം മധ്യരേഖാ പ്രദേശത്തെ വായുമണ്ഡലത്തിന്റെ കനം (ഉയരം) കൂടേണ്ടതായിരുന്നു. അങ്ങനെ അവിടെ ഉന്നത മര്‍ദ്ദമേഖല ആയേനെ. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. അതിനു കാരണം, ഭൂമധ്യരേഖാപ്രദേശത്തെ ഉന്നതതാപനിലയാണ്‌. അവിടെ ഈര്‍പ്പം നിറഞ്ഞ, ചൂടായ വായു മുകളിലേക്കുയരുന്നു. ഇതാണ്‌ ഐടിസിസെഡ്‌ ( ITCZ) അതായത്‌ "ഇന്റര്‍ട്രാപ്പിക്കല്‍ കണ്‍വര്‍ജന്‍സ്‌ സോണ്‍' ഉഷ്‌ണമേഖലയിലുണ്ടായിരിക്കേണ്ട ഉന്നതമര്‍ദ്ദമേഖല രണ്ടായി വിഭജിക്കപ്പെട്ടു. തന്മൂലമുണ്ടാകുന്ന മര്‍ദ്ദ ബെല്‍ട്ടുകളാണ്‌ വാതക വ്യൂഹങ്ങള്‍ക്ക്‌ രൂപം നല്‍കുന്നത്‌. ഉഷ്‌ണമേഖല പ്രദേശത്ത്‌ രണ്ട്‌ ഉന്നത മര്‍ദ്ദബെല്‍ട്ടുകളുണ്ട്‌. അവിടെ നിന്നും ഭൂമധ്യരേഖയിലെയും ഉത്തരദക്ഷിണ അര്‍ധഗോളങ്ങളിലെ മധ്യാംശരേഖയിലെയും ന്യൂനമര്‍ദങ്ങളിലേക്ക്‌ വാതങ്ങള്‍ വീശുന്നു. ധ്രുവപ്രദേശങ്ങളിലെ ഉന്നതമര്‍ദ്ദമേഖലയില്‍ നിന്നും മധ്യരേഖാംശ മേഖലയിലേക്ക്‌ വാതങ്ങള്‍ വീശും. ഭൂമിയുടെ ഭ്രമണം വാതങ്ങളെ നേര്‍ദിശയില്‍ നിന്നും തെറ്റിക്കും. ഇതിനാലാണ്‌, ഉഷ്‌ണമേഖലയിലെ വാണിജ്യവാതങ്ങള്‍ കിഴക്കോട്ട്‌ ചെരിഞ്ഞ്‌ വീശുന്നത്‌. മധ്യരേഖാംശങ്ങളിലെ പശ്ചിമ വാതങ്ങള്‍ക്കും കാരണമിതാണ്‌. പശ്ചിമ വാതങ്ങള്‍ യൂറോപ്പ്‌, വടക്കെ അമേരിക്ക, ആസ്‌ട്രലിയ എന്നിവിടങ്ങളിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്‌. മേല്‍പറഞ്ഞവയെല്ലാം ഉപരിതലത്തെ സ്‌പര്‍ശിച്ച്‌ നീങ്ങുന്ന വാതങ്ങളാണ്‌. പക്ഷേ അന്തരീക്ഷത്തില്‍ വളരെ മുകളിലായി എതിര്‍ പ്രവാഹങ്ങളുണ്ട്‌. മുകളിലൂടെയുള്ള ഈ ചംക്രമണമാണ്‌ താപത്തെ ധ്രുവപ്രദേശത്തിലെത്തിക്കുന്നത്‌. ഈ പ്രക്രിയയില്‍ നിരവധി ഹാഡ്‌ലിസെല്ലുകള്‍ പങ്കെടുക്കുന്നുണ്ട്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF