Ultrasonic
അള്‍ട്രാസോണിക്.
മനുഷ്യകര്‍ണങ്ങള്‍ക്കു ശ്രവിക്കാവുന്നതിനേക്കാള്‍ ഉയര്‍ന്ന ആവൃത്തിയുള്ള മര്‍ദ്ദ തരംഗങ്ങളും അവയെക്കുറിച്ചുള്ള പഠനശാഖയും. പൊതുവേ 20,000 Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളാണിവ. "കേള്‍ക്കാനാവാത്തത്' എന്ന അര്‍ഥത്തില്‍ "നിശ്ശബ്‌ദ ശബ്‌ദം' എന്ന് അള്‍ട്രാസോണികത്തെ വിശേഷിപ്പിക്കാറുണ്ട്. 10 10 Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള മര്‍ദ്ദതരംഗങ്ങള്‍ പ്രട്ടര്‍ സോണിക്‌സ് എന്നാണ് അറിയപ്പെടുന്നത്. എന്‍ജിനീയറിംഗ് രംഗത്തും വൈദ്യശാസ്‌ത്ര രംഗത്തും നിരവധി ഉപയോഗങ്ങള്‍ അള്‍ട്രാസോണികത്തിനുണ്ട്. ആവൃത്തി കൂടുതലായതിനാല്‍ ശബ്‌ദതരംഗങ്ങളേക്കാള്‍ ഉയര്‍ന്ന ഊര്‍ജം ഇവയ്‌ക്കുണ്ട്. മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവയ്‌ക്കുണ്ടാകുന്ന ക്ഷയം കുറവാണ്. അള്‍ട്രാസോണിക തരംഗങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണം സോണാര്‍ ആണ്. കടല്‍ത്തട്ടിന്റെ ആഴം അളക്കാനും അന്തര്‍വാഹിനികളുടെയും മത്സ്യക്കൂട്ടങ്ങളുടെയും സാന്നിധ്യം അറിയാനുമെല്ലാം സോണാര്‍ ഉപയോഗിക്കാം. അള്‍ട്രാസോണിക തരംഗങ്ങള്‍ ദിശാനിര്‍ണയത്തിനും മറ്റുമായി ഉപയോഗപ്പെടുത്തുന്ന ജീവികളും ഉണ്ട്. വവ്വാലുകളും, ഡോള്‍ഫിനുകളും ഉദാഹരണങ്ങളാണ്. വസ്‌തുക്കള്‍ക്ക് രൂപമാറ്റമോ, കോട്ടമോ വരുത്താതെ അവയെ പരിശോധിക്കാന്‍ അള്‍ട്രാസോണികങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
Share This Article