Ultraviolet radiation

അള്‍ട്രാവയലറ്റ്‌ വികിരണം.

വിദ്യുത്‌കാന്തിക സ്‌പെക്‌ട്രത്തില്‍ ദൃശ്യപ്രകാശത്തെക്കാള്‍ കുറഞ്ഞതും എക്‌സ്‌റേകളേക്കാള്‍ കൂടുതലും തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളാണ്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍. തരംഗദൈര്‍ഘ്യം 4 നാനോമീറ്റര്‍ മുതല്‍ 400 നാനോമീറ്റര്‍ വരെ. തരംഗദൈര്‍ഘ്യം കുറവായതിനാല്‍ അവയ്‌ക്ക്‌ ഊര്‍ജം കൂടുതലാണ്‌. ഡി എന്‍ എ തന്മാത്രകള്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികളെ ആഗിരണം ചെയ്യും. ഡി. എന്‍. എ. ശൃംഖലയില്‍ അടുത്തടുത്തായി രണ്ടു തൈമിന്‍ ബേസുകളുണ്ടെങ്കില്‍, അള്‍ട്രാവയലറ്റിന്റെ സാന്നിധ്യത്തില്‍ അവ തമ്മില്‍ സഹസംയോജക ബന്ധനത്താല്‍ കൂട്ടിയോജിപ്പിക്കപ്പെടും. ഇവയെ തൈമിന്‍ ഡൈമറുകളെന്നു പറയും. ഇത്‌ മ്യൂട്ടേഷനിലേക്ക്‌ വഴി തെളിയിക്കും. സാധാരണ ഗതിയില്‍ ഡി എന്‍ എയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുള്ള എന്‍സൈമുകള്‍ ഇടപെടും. എന്നാല്‍ ഈ എന്‍സൈമുകള്‍ക്ക്‌ തകരാറുള്ള വ്യക്തികളില്‍ തൊലിയില്‍ കാന്‍സര്‍ ഉണ്ടാകാനിടയാക്കും. ജീവികളെ സംബന്ധിച്ചിടത്തോളം 280 മുതല്‍ 320 വരെ നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികളാണ്‌ ഏറ്റവും അപകടകരം. ഈ സീമയിലുള്ള രശ്‌മികളുടെ ഭൂരിഭാഗവും ഓസോണ്‍ പാളി തടഞ്ഞുവയ്‌ക്കുന്നുണ്ട്‌. എന്നാല്‍ അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ പാളിയിലുണ്ടായ തുള ആശങ്കയ്‌ക്കു വഴി നല്‍കി. അവിടത്തെ പ്ലവജീവികളെ പ്രതികൂലമായി ബാധിച്ചു. പ്ലവജീവികളാണ്‌ അന്റാര്‍ട്ടിക്കയിലെ ഭക്ഷ്യ പിരമിഡിന്റെ അടിത്തറ. അതിന്‌ അപകടമുണ്ടായാല്‍, അവിടത്തെ ഇക്കോവ്യൂഹത്തിനു തന്നെ തകര്‍ച്ചയുണ്ടാകും. സി എഫ്‌ സികളുടെ ഉല്‍പ്പാദനം നിര്‍ത്തിക്കൊണ്ടാണ്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌. ജീവന്റെ ഉല്‍പ്പത്തിയില്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ക്ക്‌ പങ്കുണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. ആദിമ ഭൂമിയില്‍ ജൈവതന്മാത്രകളുടെ സംശ്ലേഷണത്തിനായി അള്‍ട്രാവയലറ്റ്‌ രശ്‌മികളുടെ ഊര്‍ജം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നും നമുക്ക്‌ വൈറ്റമിന്‍-ഡി ഉല്‍പാദിപ്പിക്കുവാനായി ഈ രശ്‌മികള്‍ ആവശ്യമാണ്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF